Pages

Wednesday 29 August 2012

ഓണാശംസകള്‍ !

ഒരായിരം സുവര്‍ണ സ്മരണകളുണര്‍ത്തി പൊന്നോണം വരവായി. ഇല്ലായ്മ മറന്നു ഉള്ളതിനാല്‍ നമുക്ക് കെങ്കേമമായി ഓണം ആഘോഷിക്കാം. ഓണാശംസകള്‍ !

Monday 27 August 2012

ഓണത്തിനിടയില്‍ ഒരു കള്ളനെ പിടുത്തം


ഓണത്തിന് നാട്ടിലെത്തിയതിന്റെ രണ്ടാം ദിവസം. രാത്രി 11.30. ലാന്‍ഡ്‌ ഫോണ്‍ നിര്ത്താതെ  അടിക്കുന്നത് കേട്ട് ഉണര്‍ന്നു. രാത്രി വരുന്ന ഫോണ്‍ കോളുകളെ എല്ലാവര്‍ക്കും പേടിയാണ്‌.എന്താണാവോ അശുഭ വാര്‍ത്ത? ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്ത് നിന്ന് വിറയാര്‍ന്ന ശബ്ദം. ഞാന്‍ -ആണ് . അടുത്ത വീട്ടില്‍ താമസിക്കുന്ന..ഞങ്ങളുടെ ടെറസില്‍ ആരോ ഉണ്ട്. ഏട്ടനാണെങ്കില്‍ ഇല്ലതാനും..വാതിലിലും ജനലിലും ആരോ മുട്ടുന്നു...ഒരു നിമിഷം വേണ്ടി വന്നു എന്താണ് സ്ഥിതി എന്ന് മനസ്സിലാക്കാന്‍. ഞാന്‍ ഇതാ വരുന്നു എന്ന് പറഞ്ഞു "ആരാ എന്താ?" എന്ന വീട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് ഇടയിലൂടെ മുന്നേ ഗള്‍ഫില്‍ ഉണ്ടായിരുന്നപ്പോള്‍ വാങ്ങിയ നീളന്‍ ടോര്‍ച്ചുമായി പുറത്തേക്കിറങ്ങി..അയല്‍പക്കത്ത്‌ പുറത്തെ ലൈറ്റെല്ലാം ഇട്ടിരിക്കുന്നു, കാതോര്‍ത്തപ്പോള്‍ മുകളില്‍ നിന്നും തട്ടും മുട്ടും കേള്‍ക്കാം. ഗേറ്റിന്റെ പൂട്ടിന്റെ താക്കോല്‍ വീട്ടുകാരോട്‌  എടുക്കാന്‍ പറഞ്ഞു..റോഡിലെങ്ങും ആരുമില്ല..അയല്‍പക്കത്തുള്ളവരെല്ലാം നല്ല ഉറക്കം. ആരെങ്ങിലും ഓടുന്നുണ്ടോ എന്നറിയാന്‍ ചുറ്റും നോക്കി. ഒന്നും കേള്‍ക്കാനില്ല. അയല്‍ വീട്ടിന്റെ ഗേറ്റ് തുറന്നു അകത്തു കയറി. ചുറ്റും ടോര്‍ച്ച്  അടിച്ചു, ടെറസിലേക്കും നോക്കി. ഒന്നും കാണാനില്ല. ടെറസില്‍ നിന്നും ചാടാന്‍ സാധ്യതയുള്ള വീടിന്റെ പറമ്പിലേക്ക് ദൂരെ ടോര്‍ച്ച്  അടിച്ചു. ഒരനക്കവും ഇല്ല. അപ്പോള്‍ അകത്തു നിന്നും ഒരു സ്ത്രീ ശബ്ദവും പുരുഷ ശബ്ദവും. ഇനി കള്ളന്‍ എങ്ങാനും അകത്തു കയറിയോ? "സതീഷേട്ടനാണോ?" - പുരുഷ ശബ്ദം. ഓ,അത് അവരുടെ മകനാണ്. അതെ എന്ന് പറഞ്ഞപ്പോള്‍ വാതില്‍ തുറന്നു രണ്ടു പേരും പുറത്തു വന്നു. പേടിച്ചരണ്ട മുഖങ്ങള്‍..ഇനി വല്ല മരപ്പട്ടി പോലെ വല്ല ജന്തുക്കളുമാകുമൊ എന്ന് സംശയിച്ചപ്പോള്‍ അവര്‍ക്ക് ഉറപ്പാണ്‌ അത് ഒരു ആള്‍ തന്നെ ആയിരുന്നു എന്ന്. ജനലില്‍ തട്ടുകയും വാതിലില്‍ തല്ലുകയും ഒക്കെ ചെയ്തത്രേ. പുറമേ, കല്പെരുമാറ്റവും ഉണ്ടായിരുന്നു. തട്ടുന്നത് ഞാനും കേട്ടതാണ്. ഒന്നും കൂടെ നോക്കാമെന്ന് കരുതി ടോര്‍ച് വീണ്ടും അടുത്ത പറമ്പിലേക്ക് തെളിച്ചു. അപ്പോള്‍ അതാ ആ വീടുകാരുടെ പട്ടി ഓടി വരുന്നു മതിലനടുത്തെക്ക് . കുരക്കാത്ത കാവല്‍ നായയോ? അവന്‍ ടോര്‍ച് അടിച്ചപ്പോള്‍ ഓടി പോയി. അവന്‍ വന്ന വഴിയിലേക്ക് ടോര്‍ച് അടിച്ചു മതിലനടുത്തെക്ക് എത്തി നോക്കിയപ്പോള്‍..! അതാ ഒരുത്തന്‍ പതുങ്ങി ഇരിക്കുന്നു മതിലിനടുത്ത്.. എന്റെ തൊട്ടു മുന്നില്‍..! "ഇതാ ഇവിടെ ആളുണ്ടെന്നു പറഞ്ഞതും ഒരു reflex reaction പോലെ ടോര്‍ച്ച്  കൊണ്ട് രണ്ടു കൊടുത്തതും ഒപ്പം കഴിഞ്ഞു. അവന്‍ ഒരു ഞരക്കത്തോടെ ഒരു വശത്തേക്ക് മറിഞ്ഞു, എന്നിട്ട്‌ മുക്കി മൂളി അവിടെ തന്നെ ചുരുണ്ട്‌  കൂടി കിടപ്പായി. ആള് നല്ല 'വെള്ളത്തില്‍' ആണെന്ന് തോന്നുന്നു. ഓടി പോകാനുള്ള ശ്രമാമൊന്നുമില്ല. വീട്ടുകാര്‍ക്ക് ആള് അവിടെയുണ്ടെന്നു അറിഞ്ഞപ്പോള്‍ കൂടുതല്‍ പേടിയായി. അതിനിടെ അച്ചനുമെത്തി. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറയാന്‍ ഞാന്‍ പറഞ്ഞു. 100ലേക്ക് വിളിച്ചാല്‍ മതിയോ അന്ന് വീട്മ്മയുടെ സംശയം. അതെനിക്കും ഉറപ്പില്ല. അച്ഛന്‍ അയല്പക്കത്തുള്ളവരെ വിളിക്കാന്‍ പോയി. ഞാന്‍ അവരുടെ മകനോട്‌ ഓടി പോയി എന്റെ മൊബൈല്‍ എടുത്ത് വരാന്‍ പറഞ്ഞു. ഈ നേരമത്രയും അവനെ തന്നെ നോക്കി ടോര്‍ച് അടിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. എങ്ങാനും അവന്‍ ഓടിയാലോ? പക്ഷെ അതിനുള്ള നീക്കമൊന്നും കാണാനില്ല. മാത്രമല്ല, പറ്റുമെങ്കില്‍ അവിടെ തന്നെ കിടന്നുറങ്ങാനുള്ള വട്ടം കൂട്ടലിലാണ്. മൊബൈല്‍ കിട്ടിയപ്പോള്‍ പണ്ട് സേവ് ചെയ്തിരുന്ന പോലീസ്  സ്റ്റേഷന്‍ നമ്പരിലേക്ക് വിളിച്ചു. "ഹലോ,,," (ഒരു കല്യാണ വീട്ടിലേക്ക്‌ വിളിച്ച പോലെ.. കുറെ ആളുകള്‍ സംസാരിക്കുന്നു, കലപില കൂട്ടുന്നു.. ഇനി നമ്പര്‍ മാറിയോ?) "പോലീസ്  സ്റ്റേനാണ്"..അപ്പുറത്ത് നിന്ന് മറുപടി..ഹോ  മാറിയിട്ടില്ല..അതിനിടെ മിണ്ടാതിരിയെടാ എന്നും മറ്റും ഫോണ്‍ എടുത്തയാള്‍ അവിടെ പറയുന്നുണ്ട്..കുറെ എണ്ണം ഇന്നുണ്ടെന്നു തോന്നുന്നു..സിനിമയില്‍ കാണുന്ന സീന്‍ ഓര്‍ത്തു നോക്കി..മുട്ടില്‍ ഇരുത്തിയ കള്ളന്മാരും അവരെ ചോദ്യം ചെയ്യുന്ന സാറന്മാരും! അപ്പുറത്തെ ശബ്ദം ചിന്തയില്‍ നിന്നും ഉണര്‍ത്തി.."സാര്‍, ഇവിടെ കോവിലകത്തു മുറിയില്‍ ഒരു വീട്ടില്‍ ഒരുത്തന്‍ വന്നു കയറാന്‍ നോക്കി. ഗ്രഹനാഥന്‍ ഇല്ലാത്ത നേരത്ത്. ആള്‍ ഇവിടെ കിടപ്പുണ്ട്, നല്ല 'മാലില്‍' ആണെന്ന് തോന്നുന്നു. പെട്ടന്നു വരണം." "എവിടെയ സ്ഥലം?" സ്ഥലം പറഞ്ഞു കൊടുത്തു. പക്ഷെ പുള്ളിക്കാരന് പിടി കിട്ടുനില്ല. അവസാനം അടുത്തുള്ള കൌന്സിലറിന്റെ വീട് അടയാളം പറഞ്ഞപ്പോള്‍ മനസ്സിലായി. ശരി എന്ന് പറഞ്ഞു വെച്ചു. മറുപടി കേട്ടപ്പോള്‍, വരുമോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ഇതിനകം അടുത്ത വീട്ടിലെ കൌന്സിലറിന്റെ ഭര്‍ത്താവും രാഷ്ട്രീയക്കാരനുമായ അയല്‍വാസി എത്തി. കുറെ നേരം അവരുടെ വീട്ടിലേക്ക്‌ ഫോണ്‍ വിളിച്ചിരുന്നെങ്ങിലും ആരും എടുക്കാത്തപ്പോള്‍ അച്ഛന്‍ ചെന്ന് വിളിച്ചുണര്ത്തിയതാണ്. കയ്യില്‍ ടോര്‍ച്ചും ഒരു നീളന്‍ കത്തിയുമുണ്ട്. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പുള്ളികാരനും ചെന്ന് നോക്കി. കത്തി മതിലില്‍ വെച്ച്, മതിലില്‍ കയറി. അപ്പുറത്തെ വീട്ടില്‍ നായയുണ്ടെന്നു കൂടെ കേട്ടപോള്‍ അങ്ങേരും ചാടിയില്ല. അതിനിടെ ഒരു അടി പുള്ളിയും പാസാക്കി. കത്തി എടുത്ത് അരയില്‍ തിരുകി. സ്റ്റേഷനിലേക്ക് എസ്സൈയെ വിളിച്ചു. ഉടനെയെത്തുമെന്നു മറുപടിയും കിട്ടി. ഈ സമയത്താണ് ഗ്രഹനാഥന്റെ വരവ്. വീട്ടില്‍ ആള്‍ക്കാരെ എല്ലാം കണ്ടപ്പോള്‍ അദ്ദേഹവും അന്താളിച്ചു. കാര്യമൊക്കെ പറഞ്ഞപ്പോള്‍ എസ്സൈ സുഹൃത്താണെന്ന് പറഞ്ഞു മൊബൈലില്‍ വിളിച്ചു. ഒരു കയറോ മറ്റോ കിട്ടിയാല്‍ കേട്ടിയിടാമെന്നു ഞാന്‍ പറഞ്ഞു. അവര്‍ക്ക് വെപ്രാളത്തില്‍ ഒന്നും കിട്ടുന്നില്ല. ഏതായാലും അവന്‍ എഴുന്നേറ്റു പോകുന്ന ലക്ഷണമൊന്നും കാണുന്നില്ല. അപ്പോഴേക്കും ഒരു ജീപ്പ് വരുന്ന ശബ്ദം കേട്ടു. ഓടിച്ചെന്നു നിര്‍ത്താന്‍ പറഞ്ഞു. 2 ചെറുപ്പക്കാരായ പോലീസുകാര്‍ ഇറങ്ങി. അവന്‍ ഇവിടെ കിടക്കുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ അതില്‍ ഒരു പോലീസുകാരന്‍ ലാത്തിയും മുറുക്കി മതില്‍ എടുത്തു ചാടി. ഇഞ്ച് വ്യത്യാസത്തില്‍ പാരപെറ്റില്‍ തല ഇടിക്കാതെ പുള്ളികാരന്‍ അപ്പുറത്തെത്തി. ആദ്യം തന്നെ ലാത്തി വെച്ച് കള്ളന്റെ കാലില്‍ ഒരു അടി കൊടുത്തു എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ടോര്‍ച് അടിച്ചു ആളിനെ നോക്കിയ ശേഷം പോലീസുകാര്‍ ആദ്യം ഇവന്‍ കള്ള്  കുടിക്കാന്‍ കാശു ചോദിച്ചു ടൌണില്‍ നടക്കുന്ന നമ്മുടെ സ്ഥിരം ആളല്ലേ എന്ന് സംശയം പറഞ്ഞു. പിന്നെ അല്ല ഇതവനല്ല എന്നുമായി. അവനോടു മതില്‍ ചാടി ഇപ്പുറത്തേക്ക് വരാന്‍ പറഞ്ഞു. അവനുണ്ടോ ഇത് വല്ലതും കേള്‍ക്കുന്നു. ഇതിനിടെ ഒരു പോലീസുകാരന്‍ ഷര്‍ട്ട്‌നു പിടിച്ചിരുന്നു. സാറെ കൊങ്ങയില്‍ നിന്ന് പിടി വിടു എന്നായി. പോലീസുകാരനെന്നു കണ്ടപ്പോള്‍ പിന്നേ കരച്ചിലായി സാറെ ഒരബദ്ധം പറ്റിയതെന്നായി..ഇതിനിടെ അവന്റെ പേരും ഊരുമെല്ലാം ചോദിച്ചു..തെങ്ങ് കയറ്റുകാരനാണെന്നും ചുങ്കത്തറയില്‍ നിന്നുമാണെന്നും പറഞ്ഞു. ഇന്നെന്ത്ര തെങ്ങ് കയറി, എത്ര കിട്ടി എന്നൊക്കെയായി പോലീസുകാര്‍. അപ്പോഴേക്കും വേറൊരു ജീപ്പ് എത്തി. വേറെ വഴിയിലേക്ക് തിരിയാന്‍ പോയ അവരെ ഇങ്ങോട്ട് വിളിച്ചു, അതില്‍ എസ്സൈ ആയിരുന്നു. നീല ലൈറ്റ് പിടിപ്പിച്ച ജീപ്പില്‍ നിന്നും ചാടിയിറങ്ങിയ എസ്സൈ കള്ളനെ കൊണ്ട് വരാന്‍ വേണ്ടി പൂട്ടിയ ഗേറ്റ് തുറക്കാന്‍ താക്കോല് തിരഞ്ഞു കിട്ടാത്ത അടുത്ത വീട്ടിലെ ഗ്രഹനാഥനെ വിരട്ടാന്‍ തുടങ്ങി. വേഗം തുറക്ക്, എന്താ പേര് എന്നൊക്കെ ചോദിച്ചു അപ്പോഴേക്കും ഗേറ്റ് തുറന്നു പ്രതിയേയും കൊണ്ട് പോലീസുകാര്‍ പുറത്തെത്തി. "ങ്ഹാ, ഇത് നമ്മുടെ ആളല്ലേ, വാ ജീപ്പില്‍ കേറ്, അവനെ ആരും ഒന്നും ചെയ്യേണ്ട" എന്നൊക്കെയായി, ഞാന്‍ പോലിസുകരനോട് ചോദിച്ചു "ആളെ മനസ്സിലായോ ആരാ?" "ഹേയ്, ഇത് വെറും നമ്പരല്ലേ അവനെ ജീപ്പില്‍ കയറ്റാന്‍" എന്ന് കണ്ണിറുക്കി മറുപടി. അവന്‍ കയറിയ വീട്ടിലെ ഗ്രഹനാഥന്റെ മൊബൈല്‍ നമ്പര്‍ എസ്സൈ വാങ്ങി. ആദ്യം വന്ന പോലീസുകാര്‍ പറഞ്ഞു വണ്ടി എടുക്കാന്‍ വരട്ടെ, ഞങ്ങളുടെ ജീപ് സ്റ്റാര്‍ട്ട്‌ ആവുമോ എന്ന് നോക്കട്ടെ". അത് ശരി, അതാണ് ആദ്യം വരാന്‍ ഒരു മടി ഉള്ളത് പോലെ തോന്നിയത്. സ്റ്റാര്‍ട്ടിംഗ് ട്രെബിള്‍ ഉള്ള ജീപ്പും കൊണ്ടാണ് ഇക്കാലത്തെ കള്ളന്മാരെ ചേസ്  ചെയ്യാന്‍ പോകുന്നത്! ദൈവാധീനം കൊണ്ട് അത് സ്റ്റാര്‍ട്ട്‌ ആയി. കള്ളനേയും കൊണ്ട്  പോലീസുകാര്‍ പോയി. അവര്‍ക്ക് ഓണത്തല്ലിനുള്ള കോളായി, ബാക്കിയുള്ളവര്‍ അവരവരുടെ വീട്ടിലേക്കും ബാക്കിയായ ഉറക്കത്തിലേക്കും.